ഈ മ യൗവിന് രജതമയൂരത്തിളക്കം; ചെമ്ബന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് സംവിധായകന്‍


ഗോവന്‍ ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുളള രജത മയൂര പുരസ്കാരങ്ങള്‍ മലയാളം സ്വന്തമാക്കി. ഈ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് ചെന്പന്‍ വിനോദ് മികച്ച നടനായും ഈ ചിത്രം സ്ക്രീനിലെത്തിച്ച ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുമായി.
ആദ്യമായാണ് മലയാള താരങ്ങള്‍ രണ്ട് അവാര്‍ഡുകള്‍ ഒരുമിച്ച്‌ ലഭിക്കുന്നത്. മികച്ച സംവിധായകന് രജതമയൂരവും 15 ലക്ഷം രൂപയും ലഭിക്കും. നടന് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായകനുളള സംസ്ഥാന അവാര്‍ഡും ഈ മ യൗവിലൂടെ ലിജോ സ്വന്തമാക്കിയിരുന്നു. ക‍ഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വ്വതിയും മികച്ച നടിക്കുളള രജതമയൂരം സ്വന്തമാക്കിയിരുന്നു.

സെര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രെയിന്‍-റഷ്യന്‍ ചിത്രം ഡോണ്‍ ബാസ് ആണ് മികച്ച ചിത്രത്തിനുളള സുവര്‍ണ മയൂരം സ്വന്തമാക്കിയത്. 40 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്‍റെ പശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഫിലിപ്പീന്‍സില്‍ നിന്നുളള റെസ്പെക്ടോ എന്ന ചിത്രമൊരുക്കിയ ആല്‍ബെര്‍ട്ടോ മോണ്ടെറാസ് ആണ് മികച്ച നവാഗത സംവിധായകന്‍. വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസ്തോവിച്ച്‌ മികച്ച നടിക്കുളള രജതമയൂരം സ്വന്തമാക്കി.

ചെ‍ഴിയാന്‍ ഒരുക്കിയ തമി‍ഴ് ചിത്രം ടു ലെറ്റ് പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി. മില്‍ക്കോ ലാസറോവ് സംവിധാനം ചെയ്ത അഗയും പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.
ഒമ്ബത് ദിവസങ്ങളായി ഗോവയില്‍ നടന്ന ഇന്ത്യയുടെ 49 മത് അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചു.

Comments